സോഷ്യൽ മീഡിയ

താര സംഘടനയുടെ  അമ്മ എന്ന പേര് ‘രണ്ടാമൂഴ’ ത്തിന് മഹാഭാരതമെന്ന പേരു നൽകുന്ന അനൗചിത്യം പോലെ

തലശ്ശേരി: താര സംഘടനയുടെ അമ്മ എന്ന പേര് ‘രണ്ടാമൂഴ’ ത്തിന് മഹാഭാരതമെന്ന പേരു നൽകുന്ന അനൗചിത്യം പോലെയെന്ന് സദാനന്ദൻ മാസ്റ്റർ. ഫെയിസ്ബുക്ക് പേജിലാണ് അദ്ദേഹത്തിന്റെ ശ്രദ്ദേയമായ വരികൾ 

കുട്ടിക്കാലത്ത് സഹോദരിയുമായി വഴക്കിടുമ്പോൾ ചെവിക്കു പിടിച്ച് എന്നെ ശാസിക്കുമായിരുന്ന എന്റെ അമ്മ അല്പം കഴിഞ്ഞ് പറയുമായിരുന്നു, “മോനെ അവൾ കുഞ്ഞല്ലേ, പെണ്ണല്ലേ, അവളോട് സ്നേഹത്തോടെയല്ലേ നീ പെരുമാറേണ്ടത്, അല്ലാതെ വഴക്കിടുകയാണോ… അങ്ങനെ ചെയ്യരുത് കേട്ടോ…. ” 

സഹോദരി സംരക്ഷിക്കപ്പെടേണ്ടവളാണെന്ന് അമ്മ എന്നെ പഠിപ്പിച്ചു.
ബാല്യത്തിൽ നിലത്തിരുന്നു ചോറുണ്ണുമ്പോൾ വീട്ടിലെ രണ്ടു പൂച്ചകൾ അടുത്തു വന്നിരിക്കും. അപ്പോൾ അമ്മ പറയുമായിരുന്നു, “മോനെ ഒരു പിടി ചോറ് അതുങ്ങൾക്ക് വാരിയിട്ട് കൊടുക്ക്…” മിണ്ടാപ്രാണികളെ ഊട്ടേണ്ടതും എന്റെ ധർമമാണെന്ന് അന്ന് അമ്മ എന്നെ പഠിപ്പിച്ചു.

ബന്ധുവിന്റെ കല്യാണത്തിനു പോയി തിരിച്ചു വീട്ടിലെത്തിയപ്പോൾ വധു സുന്ദരിയാണെന്ന് വീട്ടുകാരോട് അമ്മ പറഞ്ഞു. ഞാൻ വിയോജിച്ചു. അമ്മ അപ്പോൾ പറഞ്ഞത് , “എടാ, എന്റെ കണ്ണെടുത്ത് നിന്റെ മുഖത്തു വെച്ച് നോക്ക്. അപ്പോൾ നിനക്കും ബോധ്യമാകും… ” എന്നാണ്.

മറ്റുള്ളവരുടെ സ്ഥാനത്തു നിന്നും കാര്യങ്ങൾ വിലയിരുത്തണമെന്ന ജനാധിപത്യബോധമാണ് അമ്മ എനിക്കു പകർന്നു തന്നത്.
RSS എന്ന മഹാപ്രസ്ഥാനത്തിലേക്ക് എന്നെ ആകർഷിച്ച അനേകം ഘടകങ്ങളിൽ ഒന്ന്, വീട്ടിലെത്തുന്ന അപരിചിതരായ സംഘ കാര്യകർത്താക്കൾ പോലും എന്റെ അമ്മയെ “അമ്മേ” എന്നു വിളിച്ചതാണ്. പിറന്ന നാടിനെ ‘അമ്മേ’ യെന്നു വിളിക്കാൻ പഠിപ്പിച്ചതാണ്.
ജന്മം നൽകിയ എന്റെ അമ്മ നേരത്തെ എനിക്കു നഷ്ടപ്പെട്ടു… പക്ഷെ ആ പദം, അതിന്റെ മഹത്വം, അതിനോടു താദാത്മ്യപ്പെടുന്ന പവിത്രത, അതിലൂടെ ആവിഷ്ക്കരിക്കപ്പെടുന്ന ശ്രേഷ്ഠത, നെഞ്ചോടു ചേർത്തണച്ചു. അതിന് അപചയം സംഭവിച്ചിരുന്നില്ല…
എന്നാൽ ഇന്ന് ‘അമ്മ’ എന്ന വാക്ക് അസ്വസ്ഥതയുളവാക്കുന്നു… 

അതിന് കാരണക്കാരായവർ എത്ര ഉന്നതരായാലും ‘മഹാൻ’ മാരായാലും അവരെ വിളിക്കാൻ ‘ദ്രോഹികൾ’ എന്ന വാക്കു മാത്രമേ ഓർമ വരുന്നുള്ളൂ. 

അസോസിയേഷന്റെ പേരാണെങ്കിൽ പോലും, ‘രണ്ടാമൂഴ’ ത്തിന് മഹാഭാരതമെന്ന പേരു നൽകുന്ന അനൗചിത്യം പോലെ തന്നെയാണത്.

മക്കൾ ക്ഷമിക്കുമാറാകട്ടെ…

Show More

Leave a Reply

Your email address will not be published. Required fields are marked *

Close