വിവേകാനന്ദ സന്ദേശം

കര്‍മ്മം ചെയ്യുന്നത് യജമാനനെപ്പോലെ ആയിരിക്കണം

നാം കര്‍മ്മം ചെയ്യുന്നത്, യജമാനനെപ്പോലെയായിരിക്കണം. അടിമയെപ്പോലെയായിരിക്കരുത്. നിരന്തരം കര്‍മ്മത്തിലേര്‍പ്പെട്ടിരിക്കുക. എന്നാല്‍ അടിമപ്പണിയെടുക്കരുത്. എല്ലാവരും കര്‍മ്മം ചെയ്യുന്നത് എങ്ങനെയെന്നു നിങ്ങള്‍ കാണുന്നില്ലേ? തികച്ചും സ്വസ്ഥമായിരിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. തൊണ്ണൂറ്റൊമ്പതു ശതമാനം ആളുകളും അടിമകളെ പ്പോലെയാണ് പണിയെടുക്കുന്നത്. ഫലം ദുഃഖവും. ഈ കര്‍മ്മങ്ങളെല്ലാം സ്വാര്‍ത്ഥപരങ്ങളാണ്; സ്വതന്ത്രമായി കര്‍മ്മം ചെയ്യുക! പ്രേമപ്രേരിതരായി കര്‍മ്മം ചെയ്യുക! ‘പ്രേമം’ എന്ന പദം മനസ്സിലാക്കാന്‍ വളരെ പ്രയാസമാണ്. സ്വാതന്ത്ര്യം ഉണ്ടാകുന്നതുവരെ പ്രേമം ഉദിക്കുന്നില്ല. യഥാര്‍ത്ഥമായ പ്രേമം അടിമയില്‍ ഉണ്ടാവുക അസാദ്ധ്യമാണ്. അടിമയെ വിലയ്ക്കു വാങ്ങി ചങ്ങലകൊണ്ടുകെട്ടിയിട്ടു പണിയെടുപ്പിച്ചാല്‍, അയാളില്‍ പ്രേമം കാണുകയില്ല. അതു പോലെ കര്‍മ്മം ചെയ്യുമ്പോള്‍ നമ്മളില്‍ പ്രേമമുണ്ടാവുകയില്ല. നമ്മുടെ കര്‍മ്മം ശരിയായ കര്‍മ്മവുമല്ല. ബന്ധുമിത്രാദികള്‍ക്കുവേണ്ടി ചെയ്യുന്ന കര്‍മ്മമായാലും അവരവര്‍ക്കുവേണ്ടി ചെയ്യുന്ന കര്‍മ്മമായാലും ഇപ്പറഞ്ഞതു ശരിയാണ്. (അസ്വതന്ത്രവും പ്രേമരഹിതവുംതന്നെ.)

സ്വാര്‍ത്ഥകര്‍മ്മം ദാസ്യകര്‍മ്മമാണ്. അതിനിതാ ഒരു പരീക്ഷണം; പ്രേമപ്രേരിതമായ ഏതു കര്‍മ്മവും സുഖദായകമാണ്. ശാന്തിയും നിര്‍വൃതിയും അനന്തരഫലമായരുളാത്ത ഒരു പ്രേമകര്‍മ്മവുമില്ല. പരമാര്‍ത്ഥസത്ത, പരമാര്‍ത്ഥജ്ഞാനം, പരമാര്‍ത്ഥപ്രേമം ഇവ മൂന്നും എന്നും ഒന്നോടൊന്നു ചേര്‍ന്നിരിയ്ക്കുന്നു. മൂന്നും ഒന്നില്‍ത്തന്നെ. ഒന്ന് ഉള്ളിടത്ത് മറ്റുള്ളവയും ഉണ്ടായിരിക്കണം. അവ ഏകവും അദ്വിതീയവുമായ സച്ചിദാനന്ദത്തിന്റെ മൂന്ന് ഭാവങ്ങളാണ്. ആ സത്ത (ദേശകാലനിമിത്ത) വിശിഷ്ടമാകുമ്പോള്‍ ജഗത്തായി കാണപ്പെടുന്നു, ആ ജ്ഞാനം ലൗകികവിഷയജ്ഞാനമായി മാറുന്നു. മനുഷ്യഹൃദയത്തിന് അനുഭവപ്പെടുന്ന എല്ലാ പ്രേമത്തിനും ആധാരം ആ ആനന്ദമാകുന്നു. അതിനാല്‍, പ്രേമിക്കുന്നവനോ പ്രേമിക്കപ്പെടുന്നവനോ ദുഃഖം ജനിപ്പിക്കത്തക്കവിധമുള്ള ഒരു പ്രതികരണം യഥാര്‍ത്ഥ പ്രേമത്തില്‍നിന്ന് ഒരിക്കലും ഉണ്ടാകയില്ല. ഒരാള്‍ക്ക് ഒരു സ്ത്രീയോട് പ്രേമമുണ്ട് എന്നു വിചാരിക്കുക. അവള്‍ ആകെ സ്വായത്തയായിരിക്കണമെന്നാണ് അയാളുടെ ആഗ്രഹം. അവളുടെ ഏതു ചേഷ്ടയിലും അയാള്‍ക്ക് അതിയായ ശങ്കയാണ്. അവള്‍ അടുത്തിരിക്കണം, അടുത്തു നില്ക്കണം. ഉണ്ണുന്നതും നടക്കുന്നതും തന്റെ ചൊല്പടിക്കായിരിക്കയും വേണം. അയാള്‍ അവളുടെ അടിമയായിരിക്കുന്നു. അവള്‍ തന്റെ അടിമയായിരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇതു പ്രേമമല്ല. അടിമകള്‍ക്കുള്ള ഒരുതരം ദുഷിച്ച ആസക്തി പ്രേമത്തിന്റെ നാട്യത്തില്‍ കടന്നുകൂടിയിരിക്കയാണ്. ഇതു ദുഃഖകരമായതുകൊണ്ട് പ്രേമമാകാന്‍ നിവൃത്തിയില്ല. അവള്‍ തന്റെ ഹിതാനുവര്‍ത്തി ആകുന്നില്ലെങ്കില്‍ അയാള്‍ക്കു ദുഃഖമായി. പ്രേമത്തിന്റെ കാര്യത്തില്‍ ദുഃഖജനകമായ പ്രതികരണമില്ല. പ്രേമത്തിന്റെ പ്രതികരണം ആനന്ദം മാത്രമാണ്. അല്ലാത്തപക്ഷം അതു പ്രേമമല്ല. മറ്റെന്തിനേയോ പ്രേമമാണെന്നു തെറ്റിദ്ധരിക്കയാണ്, ദുഃഖത്തിന്റേയോ അസഹിഷ്ണുതയുടേയോ പ്രതികരണം ഉണ്ടാകാതെ, സ്വാര്‍ത്ഥഭാവമില്ലാതെ, ഭര്‍ത്താവിനേയും ഭാര്യയേയും കുട്ടികളേയും മുഴുവന്‍ ലോകത്തേയും പ്രപഞ്ചത്തെത്തന്നേയും പ്രേമിക്കുവാന്‍ നിങ്ങള്‍ക്കു സാദ്ധ്യമാകുന്നതെപ്പോഴോ, അപ്പോഴാണ് നിങ്ങള്‍ അനാസക്തനാകുവാന്‍ അധികാരിയാകുന്നത്.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 3 കര്‍മ്മരഹസ്യം. പേജ് 50-52]
Show More

Leave a Reply

Your email address will not be published. Required fields are marked *

Close