ഓണ്‍ലൈന്‍ സ്പെഷ്യല്‍

വീണ്ടുമൊരു വിഷുച്ചിന്ത: ഓര്‍മ്മകളുമായി ഡോ: പ്രദീപ്‌ ഇറവങ്കര

ഡോ: പ്രദീപ് ഇറവൻകര
നന്മയുടെ കണിക്കാഴ്ച്ചയുമായി പ്രത്യാശയുടെ പുതുസന്ദേശമോതിക്കൊണ്ട് ഒരു വിഷുക്കാലംകൂടി സമാഗമമായിരിക്കുന്നു. പൊയ്‌പ്പോയ കാർഷിക സംസ്കാരത്തിന്‍റെ നല്ലനാളുകളെ സ്മരണയിലുണർത്തി പുതുതലമുറയ്ക്ക് കൈനീട്ടമായി നൽകാൻ മലയാളക്കര സജ്ജമായിരിക്കുന്നു. എന്നും മലയാളിയുടെ മനസ്സിൽ ഗൃഹാതുരത്വത്തിന്‍റെ സ്മരണകളുണർത്തുന്ന വസന്തോത്സവവും കാർഷികോത്സവവുമാണ് വിഷു.

തുല്യമായത് എന്നർത്ഥം വരുന്ന ‘വിഷുവത് ‘ അല്ലെങ്കിൽ ‘ വിഷുവം ‘ എന്ന പദത്തിൽ നിന്നുമാണ് ‘ വിഷു ‘ എന്ന പദത്തിന്റെ ഉത്ഭവം. ഒരു വർഷത്തിൽ രാത്രിയും പകലും തുല്യ ദൈർഘ്യത്തിൽ വരുന്നത് രണ്ട് ദിവസം മാത്രമാണ്, തുലാം ഒന്നും മേടം ഒന്നും. സൂര്യൻ നേരെ ഉദിക്കുന്ന ദിവസംകൂടിയാണിത് . ഇവയാണ് വിഷു ദിനങ്ങൾ. ഇവയിൽ മേട വിഷുവിനാണ് പ്രാധാന്യം. കൃഷിയുമായി ബന്ധപ്പെട്ട് നിൽക്കുന്നത് ഈ ദിവസം ആയതിനാൽ അത്വിഷുവായി മലയാളികൾ ആഘോഷിക്കൂന്നു.

സൂര്യൻ മീനരാശിയിൽ നിന്നും മേടരാശിയിലേക്ക് സംക്രമിക്കുന്നതിന്റെ ( വിഷു സംക്രമം ) പിറ്റേ ദിവസമാണ് വിഷു ആഘോഷിക്കുന്നത് . ചരിത്രവും ജ്യോതിശാസ്ത്രവും ഉർവ്വരാരാധനയും വിഷുവെന്ന അനുഷ്ട്ടാനാവുമായി ഇഴ ചേർന്ന് കിടക്കുന്നു. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ വിഷുവിന് നിർണ്ണായകമായ സ്ഥാനം തന്നെയാണുള്ളത് .

ഭാസ്കര രവിവർമ്മയുടെ ( എ ഡി 960-10) തൃക്കൊടിത്താനം ശാസനത്തിൽ കാലിവർഷാരംഭമായി വിഷുവിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട് . അങ്ങനെ പുതുവർഷത്തിന്റെ ഛായ വിഷുവിന് കൈവന്നു. രാവണ വധം, നരകാസുര വധം എന്നീ ധർമ്മ സംസ്ഥാപന ദിനമായും വിഷുവിനെ കരുതിപ്പോരുന്നുണ്ട് . രാവണനെ ഭയപ്പെട്ട്‌ ചരിഞ്ഞു സഞ്ചരിച്ചിരുന്ന സൂര്യൻ ഭയരഹിതനായി നേരെ ഉദിച്ചെന്നും പഴമക്കാർ പറയുന്നു.

ഉർവ്വരതയുമായി ബന്ധപ്പെട്ടാണ്  വിഷുവിന് ജനമനസ്സിൽ ഏറെ സ്വാധീനം ഉണ്ടായതെന്ന് വ്യക്തമാണ് . കൃഷി മുഖ്യ തൊഴിലായി കണ്ടിരുന്ന, അതിനനുസരിച്ച്‌ തങ്ങളുടെ ആചാരാനുഷ്ട്ടാനങ്ങളെയും ജീവിതചര്യകളെയും ക്രമപ്പെടുത്തിയിരുന്ന ഒരു ജനത അവരുടെ വിളവിറക്കിനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും അനുഗുണമായി കരുതിവെച്ച സുദിനമാണിത്. വിഷുവുമായി ബന്ധപ്പെട്ട ഒട്ടേറെ പദങ്ങൾതന്നെ സാമൂഹിക ക്രമത്തിന്റെ വ്യവഹാരങ്ങളിൽ നാണയപ്പെട്ടിരുന്നു. വിഷുക്കണി, വിഷുച്ചാൽ , വിഷുക്കാഴ്ച്ച വിഷു കൈനീട്ടം, വിഷുവെടുക്കൽ , വിഷുവല്ലി, വുഷുസദ്യ , വിഷുഫലം, വിഷുപക്ഷി എന്നിങ്ങനെ പോകുന്ന ആ പട്ടിക. കേരളത്തിൽ കൃഷി അന്യംനിന്നതോട് പലതും പുതിയ തലമുറയ്ക്കും അന്യമായി. ഏറിയാൽ വിഷുക്കണിയും വിഷു കൈനീട്ടവും മാത്രം അവർ അറിയുന്നുണ്ടാകും.

വിഷു വരാനിരിക്കുന്ന കാർഷിക സമൃദ്ധിയുടെ ചിന്തകളാണ് . വിഷുവിന്റെ തലേന്നാൾ മുതൽ പുതിയൊരു തുടക്കത്തിന്റെ തയ്യാറെടുപ്പാണ് . തലേദിവസം വിഷുച്ചന്തയുണ്ട് ,പുതിയ വിത്തിനങ്ങൾ ,നടിച്ചിൽ സാധനങ്ങൾ ,പണിയായുധങ്ങൾ എന്നിവ വാങ്ങാനുള്ള അവസരമാണിത് . കന്നുകാലികളെ കൈമാറ്റം ചെയ്യുന്നതിനും ഈ ദിവസം അവർ പ്രയോജനപ്പെടുത്തുന്നു . കൂടാതെ വിഷുവിന്റെ തലേദിവസം വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കി പറമ്പിലിട്ട് കത്തിക്കും. ലങ്കാ ദഹനത്തിന്റെ സ്മരണ പുതുക്കലുമായി പഴമക്കാർ ഇതിനെ കാണുന്നു . മണ്ണും അന്തരീക്ഷവും അണു വിമുക്തമാക്കാനും മണ്ണ്‌ ഫലഭൂയിഷ്ടമാക്കാനും ഈ കർമ്മം ഏറെ ഉപകരിക്കും എന്നതിന് സംശയമില്ല.

വിഷു ദിനത്തിലെ സൂര്യോദയം വലിയ പ്രതീക്ഷാദായകമാണ് . ആബാല വൃദ്ധ ജനങ്ങളും പ്രഭാതത്തിൽ തന്നെയുണർന്ന് കണികാണുന്നു. ഇന്നും ശകുനത്തിലും കണികാണുന്നതിലും ഏറെ വിശ്വാസം പുലർത്തുന്ന സമൂഹമാണ് മലയാളികൾ . സമൃദ്ധമായ നല്ല കാഴ്ച്ചകൾ പുതുവർഷ പുലരിയിൽ കണ്ടാൽ ആ വർഷം മുഴുവൻ സമൃദ്ധമായിരിക്കുമെന്ന് അവർ വിശ്വസിക്കുന്നു. അതിനനുസരിച്ചുള്ള വിഭവങ്ങളാണ് ( ഒരു വർഷത്തെ പ്രതീക്ഷയിലുള്ളത് ) വിഷുക്കാണിയ്ക്കായി കരുതി വെയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ് . തലേദിവസം രാത്രിയിൽത്തന്നെ വിഷുക്കണിയ്ക്കാവശ്യമുള്ള വിഭവങ്ങൾ ഒരുക്കിവെയ്ക്കും. സ്ത്രീകളും കുട്ടികളുമാണ് ഇതിന് മുൻകൈ എടുക്കുന്നത് . ഓട്ടുരുളിയിൽ അരി നിരത്തി അതിനു മുകളിൽ കണി വെള്ളരിയും ,ഗ്രന്ഥവും , വാൽക്കണ്ണാടിയും, കൊന്നപ്പൂവും, നാളീകേരവും വെയ്ക്കും. വെള്ളരിക്കായിൽ സ്വർണ്ണാഭരണങ്ങൾ ചാർത്തും. കിണ്ടിയിൽ അലക്കിയ വസ്ത്രം വിശറി പോലെയാക്കി കുത്തും. തേങ്ങാമുറിയിൽ എണ്ണയൊഴിച്ച് കിഴി കത്തിക്കും. അഞ്ച് തിരിയിട്ട നിലവിളക്കിനു സമീപത്തായി നിലത്ത്‌ മാങ്ങ , ചക്ക , പഴം , പണം എന്നിവ വെയ്ക്കും , ഒപ്പം ശ്രീകൃഷ്ണന്റെ പ്രതിമയും ചിലസ്ഥലങ്ങളിൽ വെയ്ക്കും. ഈ ഒരുക്കത്തിന്റെ സമൃദ്ധിതന്നെ കേരള ജനതയുടെ മാനസികോല്ലാസത്തെ വിളിച്ചറിയിക്കും. കേരളം എന്നും എങ്ങനെ ആയിരിക്കണമെന്ന അവരുടെ സ്വപ്നമാണ് വിഷുക്കണിയിൽ പ്രകടമാകുന്നത് .

കുടുംബങ്ങളെല്ലാം വിഷുക്കണി ദർശിച്ചാൽ കാലികളെയും വൃക്ഷലതാദികളെയും  സൂര്യനെയും കണികാണിക്കും . പ്രകൃതി മുഴുവൻ കണികണ്ടുണരുന്നുവെന്ന വിശ്വാസം ഓരോ മനുഷ്യനെയും പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുന്നു. മനുഷ്യൻ പ്രകൃതിയിൽ നിന്നും വിഭിന്നമാല്ലായെന്നും പ്രകൃതിക്ക് വിധേയനായി കഴിഞ്ഞാൽ മാത്രമേ നിലനിൽപ്പുള്ളു എന്ന സന്ദേശമാണ് ഇതിന് പിന്നിൽ . നവധാന്യങ്ങൾ മൺപാത്രത്തിൽ മുളപ്പിച്ച് കണികാണുന്ന രീതിയും നിലവിലുണ്ടായിരുന്നു. കണികണ്ടുണർന്ന കർഷകൻ നുകത്തിലും കൈകോട്ടിലും അരിമാവുകൊണ്ട് കോലമിട്ട് കൊന്നപ്പൂകൊണ്ടലങ്കരിച്ച് കുളിപ്പിച്ച് ചന്ദനം ചാർത്തി കണി കാണിച്ച കന്നുമായി പാടത്തേക്കോ പറമ്പിലേക്കോ പോകുന്നു. അവിടെയെത്തി നിലവിളക്ക് കത്തിച്ചുവെച്ച് ഭൂമീദേവിയ്ക്ക് അടയോ ശർക്കരയോ പായസമോ നേദിച്ച് പണിയായുധം കൊണ്ട് ആദ്യത്തെ ചാലുകീറുന്നു. കിളയ്ക്കുകയോ പൂട്ടിയടിയ്ക്കുകയോ ആകാം. ഇതിനെ വിഷുച്ചാൽ കീറുക എന്നാണ് പറയുക . തുടർന്ന് അതിൽ പച്ചിലയും ചാണകവും ഇട്ട് മൂടും. തുടർന്ന് തേങ്ങാ മുറിച്ചോ ഉരുട്ടിയോ ഒരു വർഷത്തെ വിഷുഫലം അറിഞ്ഞുമടങ്ങും. വിഷുവിന്റെ പിറ്റേന്ന് വിതയെന്നാണ് പ്രമാണം.

വിഷു ദിനത്തിൽ വിഷുക്കണിക്കു  ശേഷം കുടുംബനാഥൻ മറ്റെല്ലാ കുടുംബാങ്ങൾക്കും ആശ്രിതർക്കും വിഷു കൈനീട്ടം നൽകും . കൃഷിക്കാർ തങ്ങളുടെ ജന്മിയ്ക്ക് വിഷുക്കാഴ്ച്ച സമർപ്പിക്കും. കാർഷികോല്പന്നങ്ങളോ , അവൽ , അരിയുണ്ട തുടങ്ങിയ ആഹാരസാധനങ്ങളോ ആകും കാഴ്ച്ച വസ്തു. ജന്മി പകരം അവർക്ക് വസ്ത്രങ്ങളും , സദ്യയും , കൈനീട്ടവും നൽകും. ജന്മികൾ നെല്ല് ,അരി തേങ്ങ ,എണ്ണ മുതലായവ സമ്മാനിക്കും. വിളവെടുപ്പുവരെ അവരുടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ഈ ചടങ്ങിനെ വിഷു വല്ലിയെന്നാണ് പറയുന്നത് . ഇത് കൈപ്പറ്റി കഴിഞ്ഞാൽ അടുത്ത ഒരു വർഷം മുഴുവൻ അവർ അയാളുടെ കീഴിൽ പണിയെടുക്കുവാൻ അവകാശം നേടുന്നു. ഒരു വർഷത്തേക്കുള്ള തെഴിലുറപ്പിന്റേതായ കാരാറുറപ്പിക്കൽ കൂടിയാണിത്. എത്ര അർത്ഥ പൂർണ്ണമായ ചടങ്ങുകളാണ് പൂർവ്വികർ ആചാരമെന്ന നിലയിൽ സാമൂഹിക സുസ്ഥിരതയെ ലാക്കാക്കി നിലനിറുത്തിപ്പോന്നിരുന്നത്.

വിഷു കൈനീട്ടം കിട്ടുന്നതിൽ ഏറെ സന്തോഷിച്ചിരുന്നത് കുട്ടികളും സ്ത്രീകളുമായിരുന്നു. ഇന്നത്തെപ്പോലെ സാമ്പത്തിക സ്വാതന്ത്ര്യം അന്നുണ്ടായിരുന്നില്ല . അത്തരം സാഹചര്യത്തിൽ വർഷത്തിൽ ഒരിയ്ക്കൽ കിട്ടുന്ന ഒരു ചെറു നാണയത്തിനുവേണ്ടി അവർ കാത്തിരിയ്ക്കുന്നു . അവ സമാഹരിച്ച്‌ മൺ കുടുക്കയിൽ സൂക്ഷിച്ചു വെയ്ക്കുവാനുള്ള വ്യഗ്രത സാമ്പത്തിക അച്ചടക്കത്തിന്റെ ആദ്യ പാഠങ്ങളായിരുന്നു .

ഇന്ന് ധന സമൃദ്ധിയും ധൂർത്തും വിഷു കൈനീട്ടത്തിന്റെ മാനം കെടുത്തിയിരിക്കുന്നു. പോക്കറ്റ് മണിയെന്ന നിലയിൽ കുട്ടികൾ വലിയ തുക കണക്കുപറഞ്ഞു വാങ്ങാറുണ്ട് . എല്ലാം യാന്ത്രികമായി മാറിയിരിക്കുന്നു. മുമ്പ് കുട്ടികൾ അയൽ വീടുകളിലുമെത്തി വിഷു കൈനീട്ടം വാങ്ങിയിരുന്നു. അവരെ അയൽക്കാർ കാത്തിരുന്നിരുന്നു. ഇപ്പോൾ തങ്ങളുടെ കുട്ടികളെ കഴിവതും വിഷു ദിനത്തിൽ അയൽ വീടുകളിലേക്ക് പറഞ്ഞയയ്ക്കാതിരിക്കാൻ മാതാപിതാക്കൾ ഏറെ ശ്രദ്ധിക്കാറുണ്ട് . മലയാളിയുടെ മാനസ്സിക മുരടിപ്പും മാനസിക അകൽച്ചയും ഇവിടെ പൂർണ്ണമാവുന്നു.

വിഷുദിവസം രാവിലെ വിഷുക്കണിയാണ് മുഖ്യ ആഹാരം . അരി , ശർക്കര , പാൽ , തേങ്ങ ചേർത്താണ് തയാറാക്കുന്നത് .ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയുമുണ്ടാകും .അന്നേ ദിവസം മനുഷ്യർ മാത്രമല്ല സദ്യയുണ്ണുന്നത് . ഉറുമ്പുകൾക്കും പക്ഷികൾക്കും മൃഗങ്ങൾക്കും ആഹാരം നൽകുന്നു .കൊടുക്കൽ വാങ്ങലിന്റെ ഒരു മഹത്വം ഉത്‌ഘോഷിക്കുന്ന ഒരു സുദിനം കൂടിയാണിത് .കൊടുത്താലേ കിട്ടു എന്ന സന്ദേശം പുതിയ തലമുറയിലേക്ക് സംവേദനം ചെയ്‌യപ്പെടുന്നു .

വിഷു മനുഷ്യരോടൊപ്പം പ്രകൃതിയും ആഘോഷിക്കുകയാണ് . എങ്ങും കണിക്കൊന്നകൾ പൂത്തുലഞ്ഞു നിൽക്കുന്നത് പ്രകൃതിയുടെ അണിഞ്ഞൊരുങ്ങലാണ്. ഇടയ്ക്കു ചൊരിയുന്ന വേനൽ മഴ വേനൽ ചൂടിന്റെ കാഠിന്യം കുറയ്ക്കുന്നു . ധാരാളം ദേശാടനപക്ഷികൾ ഈ സമയം വന്നുപോകാറുണ്ട് . അവയുടെ ശബ്‌ദകോലാഹലങ്ങൾ വിഷു ആഘോഷത്തിമിർപ്പിന്റെ മാറ്റു വർദ്ധിപ്പിക്കുന്നു.

നിഷ്കളങ്കരായിരുന്ന നമ്മുടെ പൂർവ്വികരുടെ മനസ്സിന്റെ      നന്മയായിരുന്നു വിഷു ആഘോഷങ്ങൾ . എന്നാൽ ഇന്ന് വിഷു കേവലമൊരു കലണ്ടർ അവധി ദിവസമായി മാറി . അതിന്റെ ജീവൻ അറ്റു എന്നുതന്നെ പറയാം . കൃഷി തിരിച്ചുവരാതെ വിഷുവിന് നിലനിൽപ്പില്ല . മണ്ണിനെ അറിയുന്ന മനുഷ്യനെ അറിയുന്ന പുതിയ തലമുറ ഉണ്ടാകേണ്ടിയിരിക്കുന്നു . അല്ലെങ്കിൽ ഈ ശ്രാദ്ധ ദിനമുണ്ണാൻ ഓണംപോലെതന്നെ അന്യ സംസ്ഥാനങ്ങളിലേക്ക് അവരുടെ കാരുണ്യത്തിനുവേണ്ടി കാത്തിരിക്കേണ്ടിവരും…. കവി വാക്യം ഒരിക്കൽക്കൂടി ഓർക്കാം .

” ഏത് ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും
ഏത് യന്ത്രവല്കൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും ”
ഏവർക്കും എന്റെ വിഷു ആശംസകൾ

                                                                                                           ഡോ: പ്രദീപ് ഇറവൻകര

Show More

Leave a Reply

Your email address will not be published. Required fields are marked *

Close