ഓണ്‍ലൈന്‍ സ്പെഷ്യല്‍

അംബേദ്‌കർ  – സാമൂഹ്യ സമര സതയുടെ സന്ദേശകൻ

ഡോ: ബാബാ സാഹേബ് അംബേദ്ക്കറുടെ ജന്മദിനം രാജ്യമെങ്ങും ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഭാരതത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ അംബേദ്ക്കറോളം ചർച്ചചെയ്യപ്പെട്ട ഇപ്പോഴും ചർച്ചചെയ്യപ്പെടുന്ന ഒരു വ്യക്തിത്വം വേറെയില്ല എന്നുതന്നെ പറയാം . 

ഒരുകാലത്ത് സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ശക്തമായി പ്രതികരിച്ചുകൊണ്ട്, ചൂഷണവും അവഗണനയും നേരിട്ട പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാൻ ബാബാ സാഹേബ് അംബേദ്ക്കർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു എന്ന് പറയുന്നതിനപ്പുറം അദ്ദേഹത്തിന്റെ ജീവിതംതന്നെ അതിനായി ഉഴിഞ്ഞുവെച്ചു എന്ന് പറയുന്നതാകും ശെരി.
ഇന്ന് ഭാരതത്തിലെ ദേശവിരുദ്ധ പ്രസ്ഥാനങ്ങളും, രാജ്യദ്രോഹപരമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന തീവ്ര ഗ്രൂപ്പുകളുമൊക്കെ അദ്ദേഹത്തിന്റെ ആശയങ്ങളെ തെറ്റായതരത്തിൽ വഴിതിരിച്ച് വിട്ടുകൊണ്ട് പ്രത്യേകമായ ഗൂഢ ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്നത് കാണുമ്പോൾ അംബേദ്ക്കർ ആരായിരുന്നുവെന്നും അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകൾ ഏത് തരത്തിലുള്ളതായിരുന്നു എന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാൻ എല്ലാ ദേശസ്നേഹികളും മുന്നിട്ടിറങ്ങേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ് .

‘ ഭഗവാൻ ബുദ്ധനും അദ്ദേഹത്തിന്റെ ധർമ്മവും ‘ എന്ന പുസ്തകത്തിൽ മൂന്നാം ഖണ്ഡത്തിൽ അഞ്ചാം ഭാഗം, പേജ് 235 ൽ ഡോ : ബാബാ സാഹിബ് ഒരു പ്രശ്നം അവതരിപ്പിക്കുന്നു. മാതൃകാ സമൂഹം ഏതാണ് ? അതിനുത്തരം എന്നോണം അദ്ദേഹം പറയുന്നത് ‘ ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ, ക്രമബദ്ധമായി, അസന്തുലിത തത്വത്തിൽ ഉറച്ചുനിൽക്കുന്ന ഇത് മാതൃകാസ്ഥിതിയല്ല. മുകളിലായി ബ്രാഹ്മണൻ , അതിനുതാഴെ ക്ഷത്രിയൻ , വൈശ്വർ , ശൂദ്രർ എന്ന ഏർപ്പാട്‌ സമുദായത്തിന്റെ മാതൃകയല്ല . ചാതുർവർണ്യ വ്യവസ്ഥിതിയിൽ ഓരോ വർഗ്ഗത്തിനും അവരവരുടേതായ വ്യവസായങ്ങളിൽ ഏർപ്പെടേണ്ടതുണ്ട് .

ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തിനുമേല്‍ അധീശത്വമോ അധികാരമോ പ്രയോഗിക്കുന്നത് ശെരിയല്ല .അങ്ങനെ ചെയ്‌താല്‍ അത് മാതൃകാസ്ഥിതി ആവുകയില്ല എന്ന് അദ്ദേഹം പറയുന്നു . വര്‍ണ്ണ ശ്രേഷ്ഠതയുടെ സിദ്ധാന്തം അസത്യമെന്ന് ബാബാ സാഹേബ് വിശ്വസിച്ചിരുന്നു. ജന്മം കൊണ്ടുണ്ടായ അസമത്വത്തെ അംഗീകരിക്കെരുതെന്നും . ഒരു വ്യക്തിയുടെ നന്മയും തിന്മയും നിര്‍ണ്ണയിക്കുന്നത് അവന്‍റെ കുലം നോക്കിയല്ലെന്നും ശ്രേഷ്ഠകുലത്തില്‍ ജനിക്കുന്നതിനേക്കാള്‍ ജീവിതത്തില്‍ ഉത്തമമായ ആദര്‍ശങ്ങള്‍ ഉണ്ടാവുകയെന്നതാണ് പരമപ്രധാനമെന്നും അദ്ധേഹം പറഞ്ഞു . മറ്റുള്ളവരെപ്പോലെയാണ് ഞാനും എന്നെപ്പോലെയാണ് മറ്റുള്ളവരും എന്ന ചിന്ത സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത്രയുംലളിതമായാണ് സാമൂഹിക സമരസതയുടെ സന്ദേശം അദ്ദേഹം അവതരിപ്പിച്ചതെന്ന് ഇതില്‍നിന്നും മനസ്സിലാക്കാന്‍ കഴിയും.

ബാബാ സാഹേബ് അംബേദ്‌കര്‍ നല്‍കിയത് സമത്വത്തിന്‍റെ യും സമഭാവനയുടെയും സൌഹാര്‍ദ്ദത്തിന്‍റെയും സന്ദേശങ്ങള്‍ ആയിരുന്നു . സാമൂഹ്യപരമായ ജീവിത വ്യവസ്ഥിതിയില്‍ സമത്വത്തിന്‍റെ തത്വം എന്തുകൊണ്ടും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് . ചിലര്‍ ബലവാന്മാരും ചിലര്‍ ദുര്‍ബലരുമാണെങ്കില്‍ , ചിലര്‍ ധനവാന്മാരും ചിലര്‍ദരിദ്രരുമാണെങ്കില്‍ , ചിലര്‍ ബുദ്ധിമാന്മാരും ചിലര്‍ ബുദ്ധി കുറഞ്ഞവരുമാണെങ്കില്‍ , ഇത്തരത്തില്‍പ്പെട്ട എല്ലാവര്‍ക്കും പൊതുസമൂഹത്തില്‍ ജീവിക്കേണ്ടതുണ്ട് .അതിനാല്‍ സമത്വം എന്നാല്‍ എല്ലാവര്‍ക്കും ഒരുപോലെ ജീവിക്കാനുള്ള അവസരം സൃഷ്ടിക്കലാണെന്നും അദ്ദേഹം പറഞ്ഞു .

സാമൂഹിക ജീവിതത്തില്‍ സമത്വം പോലെതന്നെ സൌഹാര്‍ദ്ദവും ആവശ്യമാണ്‌ .പരസ്പര വിരോധികളായവരാണ് സമൂഹത്തില്‍ ജീവിക്കുന്നതെങ്കില്‍ അത് ചിന്നഭിന്നവും അസംഘടിതവുമായിരിക്കും . അത്തരത്തിലുള്ള സമൂഹത്തില്‍ വെത്യസ്ഥങ്ങളായ ആദര്‍ശങ്ങള്‍ വെത്യസ്ഥങ്ങളായ അളവ് കോല്‍ നിര്‍ണ്ണയിക്കും . അത് പരസ്പര സംഘര്‍ഷത്തിന് വഴിവെയ്ക്കും . അതുകൊണ്ട് പരസ്പര സൌഹാര്‍ദ്ദമാണ്‌ സമൂഹത്തില്‍ അത്യന്താപേക്ഷിതമായ ഘടകമാണെന്ന് അംബേദ്‌കര്‍ കരുതിയിരുന്നു .

ന്യൂയോര്‍ക്കിലെ കൊളംബിയാ സര്‍വ്വകലാശാലയിലെ നര വംശ ശാസ്ത്ര സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ഭാരതത്തിന്‍റെ ആത്മാവിനെയും കണ്ടെത്തി എന്നുതന്നെ പറയാം . ആ പ്രബന്ധത്തില്‍ ഇങ്ങനെ പറയുന്നു . സംസ്കാരങ്ങളുടെ ഐക്യത്തെ സംബന്ധിഛ് ഇന്ത്യന്‍ ഉപദ്വീപിനെ വെല്ലാന്‍ മറ്റൊരു പ്രദേശവുമില്ല എന്നുതന്നെ പറയാം . രാജ്യത്തെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന സംസ്കാരികങ്ങളായ ഐക്യമാണ് ഇവിടുത്തെ സവിശേഷത. ഹൈന്ദവ ജനതയെന്നത് പലതിനെയും ചേര്‍ത്ത് ഒന്നാക്കിയതാണെങ്കിലും അവയ്ക്ക് ആഴത്തിലുള്ള ഒരു സാംസ്കാരിക പാരമ്പര്യമുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു . അതിന്‍റെ ഉദാഹരണമായി ചിലതൊക്കെ ചൂണ്ടിക്കാണിക്കുന്നു. ഭാരതത്തില്‍ എവിടെ സഞ്ചരിച്ചാലും രാമകൃഷ്ണനെയും , രാമാനന്തനെയും ,രാമസിംഹനെയും ,രാമനാഥബാനര്‍ജിയെയും, രാമറെഡ്ഡിയെയും ഒക്കെ കാണുവാന്‍ സാധിക്കും .ഇട്ട പേരുകള്‍ ഓരോ പ്രാദേശിക ഭാഷയ്ക്ക്‌ അനുസൃതമായി മാറുമ്പോഴും രാമനെന്ന പൊതുവായ നാമം കാണുന്നത് ഭാരതത്തിന്‍റെ സാംസ്കാരിക ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. അതുകൊണ്ട് അംബേദ്കറിന്‍റെ സാംസ്കാരിക ഐക്യം എന്ന വാദം വളരെ ശെരിതന്നെയാണ്.

ബാബാ സാഹിബിനെപറ്റി ചിന്തിയ്ക്കുമ്പോൾ സമത്വത്തെപ്പറ്റിയും സൗഹാർദ്ദത്തെപറ്റിയും ആരും ഗമനിക്കാറില്ല. കുറച്ചുപേരൊഴികെ മറ്റുള്ളവരെല്ലാം രാഷ്ട്രീയ അംബേദ്ക്കർ വാദികളാണ് . അംബേദ്‌കർ ഇപ്രകാരം പറയുന്നു . സൗഹാർദ്ധമെന്നാൽ ഓരോ മനുഷ്യനുമിടയിൽ ഉണ്ടാകേണ്ട ബന്ധുതാ ഭാവം തന്നെയാണ് . അംബേദ്ക്കറുടെ ചിന്തയും പ്രത്യയശാസ്ത്രവും അതുതന്നെ ആയിരുന്നു .പരസ്പര സൗഹാർദ്ദവും സമത്വവും.. ഏറ്റവും ചുരുക്കി പറഞ്ഞാൽ സാമൂഹിക സമരസത. അംബേദ്‌കറിന്റെ ആശയങ്ങളെ തെറ്റിദ്ധരിപ്പിച്ച് അതിലൂടെ മറ്റെന്തോ ഗൂഢമായ നേട്ടം ആഗ്രഹിക്കുന്നവർ ചെയ്യുന്നത് അദ്ദേഹത്തോടുള്ള അനാദരവ് തന്നെയാണ് . പരമ്പരാഗത സംബ്രദായങ്ങളും അനാചാരങ്ങളും എല്ലായിടത്തും വളരെ വേഗത്തിൽ അവസാനിച്ചു കൊണ്ടിരിക്കുകയാണ് . സമൂഹത്തിലെ എല്ലാ പൗരന്മാരും എന്ന് സമത്വവും സ്വാതന്ത്ര്യവും അനുഭവിക്കുന്നുവോ അന്ന് അംബേദ്ക്കർ യുഗവും ആഗതമാകും

Show More

Leave a Reply

Your email address will not be published. Required fields are marked *

Close